നെഞ്ജിലേറ്റി തകർന്നടിഞ്ഞൊരു
നഗരം ഉറങ്ങാതെന്നെ വിളിക്കുന്നുണ്ട്!
രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ
കൂട്ടം തെറ്റിയ ചിന്തകൾ
അവിടെയും ഇവിടെയും
തട്ടിത്തെറിച്ചൊരു കോണിൽ
അഭയം തേടുന്നു.
നഗരമൊരു വേശ്യയാണെ-
ന്നൊരു സുഹ്യത്ത്
പറഞ്ഞിരുന്നു പണ്ടെന്നോ..
അവളിൽ നീറ്റലും, വേദനയും
ചില നേരങ്ങളിലുത്സാഹ
തിമിർപ്പും കാണാനാവും.
പണ്ടെന്നോ അഹോരാത്രം
പ്രസംഗിച്ചവശേഷിപ്പിച്ച
ചില ശബ്ദങ്ങൾ
തെരുവു നായ്ക്കളെപ്പോലെ
ഓടി നടന്നൊടുവിലൊരു
മൂലയിൽ ചുരുണ്ടു കൂടി.
നഗരം നിഷേധിയാണ്,
അവളിന്നും ചില രഹസ്യങ്ങൾ
നെഞ്ജിൽക്കൂട്ടി മുഖത്തൊരു
മൂടി വെച്ച് ആളുകളെ
തന്നിലേക്കടുപ്പിക്കുന്നു..!