Wednesday, April 6, 2011

ഒരു മഴ പറഞ്ഞിട്ട് പോയത്

ഒരു മഴയില്‍ അങ്ങ്‌ തൊടിയില്‍
നിന്റെ പ്രണയം നീരാട്ട്‌ നടത്തിയതും
മയങ്ങിക്കത്തുന്ന മെഴുകുതിരികളെ
നീ ശപിച്ചിറക്കി വിട്ടതും
മഴയുടെ കുളിരില്‍ ‍
രാത്രി ചുവപ്പ്‌ പട്ടില്‌ മൂടിയതും
ഞാനോര്‍ക്കുന്നു.
ഒടുവിലീ മഴ നിന്നെയവഗണിച്ചെന്നെ
സ്വന്തമാക്കവേ
തിരിഞ്ഞ്‌ നോക്കാനാവാതെ
ഞാനിറങ്ങുന്നു

. . .

മഴയുടെ ഇരമ്പലില്‍
ചില കണ്ടുപിടുത്തങ്ങളിലാണ്‌
മുറ്റത്തെ ചെമ്പകം.
നിന്‍റെ വിയര്‍പ്പിന്‌
വസന്തത്തിന്‍റെ രുചിയും,
നിന്റെ ചൂടിന്‌
ശിശിരത്തിന്റെ കുളിരും
ഈ മഴയ്‌ക്ക്‌ നമ്മുടെ നിറവുമുണ്ടത്രേ,
കാലങ്ങളോരോന്നായ്‌
നമ്മില്‍ മാറി മാറി നിറയവേ,
ചെമ്പകങ്ങള്‌‍‍‌ പുതിയ നിറം
നമ്മില്‍ കണ്ടുപിടിക്കുന്നു